വാഷിംഗ്ടണ്‍: യുദ്ധാനന്തര ഗസ്സയുടെ സുരക്ഷാ പാലനം ഏറ്റെടുക്കുമെന്ന് പ്രസ്താവനക്ക് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക. ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടരുന്നതിനോട് യോജിപ്പില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഇസ്രായേൽ സൈന്യം ഗസ്സയിൽ വീണ്ടും അധിനിവേശം തുടരുന്നത് നല്ലതല്ലെന്ന് പ്രസിഡന്‍റ് ഇപ്പോഴും വിശ്വസിക്കുന്നു. ഇത് ഇസ്രായേലിന് നല്ലതല്ല, ഇത് ഇസ്രായേലി ജനതയ്ക്ക് നല്ലതല്ല.”വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി ‘സിഎൻഎൻ ദിസ് മോർണിംഗ്’-ൽ പറഞ്ഞു.യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ, ഭാവിയിലെ ആക്രമണങ്ങൾ തടയാൻ ഇസ്രായേൽ ഗസ്സ മുനമ്പിന്റെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്‍റെ പ്രസ്താവന.
കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രായേൽ സന്ദർശിക്കുകയും നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അമേരിക്ക ഇസ്രായേലിനൊപ്പമാണെന്നാണ് അന്ന് പറഞ്ഞത്. ഫലസ്തീനികൾക്കുള്ള സഹായം അനുവദിക്കുന്നതിനും സിവിലിയൻമാർക്കും വിദേശികൾക്കും ഗസ്സ വിട്ടുപോകുന്നതിനുമായി വെടിനിര്‍ത്തല്‍ പരിഗണിക്കണമെന്ന് അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ നെതന്യാഹു അത് നിരസിക്കുകയായിരുന്നു. തിങ്കളാഴ്ച ഇരു നേതാക്കളും ഫോണിൽ സംസാരിച്ചപ്പോഴും നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി ചൊവ്വാഴ്ച ബൈഡൻ സ്ഥിരീകരിച്ചു.