വാഷിങ്ടൻ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുൻപായി ഖലിസ്ഥാൻ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തുന്നവരുമായി കൂടിക്കാഴ്ച നടത്തി വൈറ്റ് ഹൗസ്. അമേരിക്കൻ അതിർത്തിക്കുള്ളിൽ താമസിക്കുന്ന പൗരന്മാരെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഖലിസ്ഥാൻ വിഘടനവാദികൾക്ക് കാനഡയും യുഎസും അഭയം നൽകുന്നെന്ന ആശങ്ക ഉയരുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
അഭയം നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടില്ല. ഖലിസ്ഥാൻ വാദം അഭിപ്രായ സ്വാതന്ത്ര്യമെന്നാണു കാനഡ പറയുന്നത്. എന്നാൽ വിഘടനവാദത്തെ പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യം എന്നല്ല അഭിപ്രായ സ്വാതന്ത്ര്യം കൊണ്ട് അർഥമാക്കുന്നതെന്നും ജയ്ശങ്കർ ഇതിനോട് പ്രതികരിച്ചിരുന്നു. ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനവുമായി ബന്ധമുള്ള ഗ്രൂപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്.
അതേസമയം ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് മോദി എത്തിയത്. അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പ്രധാനമന്ത്രിയുടെ സന്ദർശനം. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം ഇന്ത്യൻ കൂട്ടായ്മയെയും കാണുന്നുണ്ട്. ഇതിനുപുറമേ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ എന്ന പരിപാടിയിലും അദ്ദേഹം സംസാരിക്കും. മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുൻപ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.