റിയാദ്: അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപം വർധിപ്പിച്ച് സൗദി അറേബ്യ. 2.4 കോടി ഡോളർ അധിക നിക്ഷേപത്തിലൂടെ 142.7 ബില്യൺ ഡോളറായാണ് നിക്ഷേപം ഉയർത്തിയത്. ഒരു മാസത്തിനിടെ വർധിച്ചത് 1.7 ശതമാനത്തിന്റെ നിക്ഷേപമാണ്. അമേരിക്കൻ ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയത് ചൈനയാണ്.
2020 മാർച്ചിന് ശേഷം അമേരിക്കൻ ബോണ്ടുകളിലെ നിക്ഷേപം ഇത്രയധികം വർധിപ്പിക്കുന്നത് ഇതാദ്യമായാണ്. കോവിഡിന് മുൻപ് യു.എസ് ബോണ്ടുകളിലെ രാജ്യത്തിൻറെ നിക്ഷേപം 159.1 ബില്യൺ ഡോളറായിരുന്നു. ജൂലൈ മാസത്തെ കണക്കു പ്രകാരം യുഎസ് ബോണ്ടുകളിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 17 ആം സ്ഥാനത്താണ് സൗദി. ഒരു വർഷത്തിനിടെ വാങ്ങിയ ബോണ്ടുകളുടെ വില 33.5 ബില്യൺ ഡോളറാണ്.
2023 ജൂലൈയിലെ കണക്കു പ്രകാരം 109.2 ബില്യൺ ഡോളറാണ് യുഎസ് ബോണ്ടുകളിൽ നിക്ഷേപിച്ചത്. ഒരു കൊല്ലത്തിനിടെ വർധിച്ചത് 31 ശതമാനത്തിന്റെ നിക്ഷേപമാണ്. കോവിഡ് സമയങ്ങളിൽ ബോണ്ടുകൾ വാങ്ങുന്ന കാര്യത്തിൽ കുറവ് വന്നിരുന്നെങ്കിലും കഴിഞ്ഞ വർഷം ജൂലൈ മുതൽ നിക്ഷേപം വർധിപ്പിച്ചിരുന്നു. ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ യു.എസ് ബോണ്ടുകളിലെ ആഗോള നിക്ഷേപങ്ങൾ വർധിച്ച് 8.3 ട്രില്യൺ ഡോളറിലെത്തിയിരുന്നു. നിലവിൽ യു.എസ് ബോണ്ടുകളിൽ ഏറ്റവുമധികം നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളത് ജപ്പാനും, ചൈനയുമാണ്.