യുഎസില്‍ കനത്ത നാശം വിതച്ചാണ് ഹെലന്‍ ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിനയുടെ ചില ഭാഗങ്ങള്‍, ടെന്നസി എന്നീ സംസ്ഥാനങ്ങളിലൂടെ ഏതാണ്ട് 1287 കിലോമീറ്റര്‍ ദൂരമാണ് ഹെലന്‍ ചുഴലിക്കാറ്റ് വീശിയടിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. തെക്കുകിഴക്കൻ യുഎസിൽ കനത്ത നാശം വിതച്ച കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉള്‍പ്പെട്ട ഹെലൻ ചുഴലിക്കാറ്റിൽ ഇതുവരെ കുറഞ്ഞത് 56 പേര്‍ മരിച്ചു. വരും ദിവസങ്ങളില്‍ മരണ സംഖ്യ ഏറുമെന്നും റിപ്പോര്‍ട്ടികളില്‍ പറയുന്നു.
ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ഒരു രക്ഷാപ്രവര്‍ത്തന വീഡിയോ വൈറലായി. ടെന്നസിയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള യൂണികോയ് കൗണ്ടി ഹോസ്പിറ്റലിന്‍റെ വിശാലമായ മേൽക്കൂരയിൽ രോഗികളും ഡോക്ടർമാരും നേഴ്സുമാരും അടക്കം 54 ലധികം പേർ കുടുങ്ങിക്കിടക്കുന്ന വീഡിയോ ആയിരുന്നു അത്. വിശാലമായ ആശുപത്രിയുടെ താഴത്തെ നിലയിൽ വെള്ളം കയറി. സമീപത്തെ നോലിചുക്കി നദി കരകവിഞ്ഞ് ആശുപത്രിക്ക് ചുറ്റും ഒരു കടല്‍ പോലെയായിരുന്നു ഒഴുകിയിരുന്നത്. ആശുപത്രി മേൽക്കൂരയില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് വീഡിയോയില്‍ കാണാം.