ന്യൂഡൽഹി : ഇന്ത്യ–കാനഡ നയതന്ത്ര പ്രതിസന്ധിയിൽ കാനഡയ്ക്കു പിന്തുണയുമായി ഫൈവ് ഐസ് (5 കണ്ണുകൾ) കൂട്ടായ്മയിലെ രാജ്യങ്ങൾ. കാനഡ കൂടാതെ ബ്രിട്ടൻ, യുഎസ്, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണു ഫൈവ് ഐസിലുള്ളത്.
ഇന്ത്യയ്ക്കെതിരായ കാനഡയുടെ ആരോപണങ്ങൾ ഗൗരവതരമെന്നാണ് യുഎസ് നിലപാട്. ഇക്കാര്യത്തിൽ മുൻപും യുഎസ് കാനഡയ്ക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാനഡയുടെ അന്വേഷണത്തിൽ ഇന്ത്യൻ സർക്കാർ സഹകരിക്കുകയാണ് ഉചിതമെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം.
എല്ലാ രാജ്യങ്ങളുടെയും പരമാധികാരം ബഹുമാനിക്കുകയും നിയമവാഴ്ച അംഗീകരിക്കുകയും ചെയ്യണമെന്നതാണു നിലപാടെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. കാനഡയുടെ ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ ഗൗരവമുള്ളതാണെന്നു ന്യൂസീലൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് എക്സിൽ കുറിച്ചു.
വിഷയത്തിൽ കേന്ദ്രസർക്കാർ കൂടുതൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഇതിനിടെ കാനഡയിലെ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് മേധാവി, സിഖ് സമൂഹത്തോട് അന്വേഷണം സംബന്ധിച്ച് വിവരങ്ങൾ നൽകാൻ പൊതുപരിപാടിയിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ സർക്കാർ കാനഡയിൽ വ്യാപകമായി അക്രമങ്ങൾ നടത്തിയെന്നും ഇവയിൽ പലതുമായും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കലുഷിതമായത്.