ന്യൂയോർക്ക് : അമേരിക്കയിൽ അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു . ഇതിനായി പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നു. ഇന്ത്യൻ സർക്കാരുമായി സഹകരിച്ചാണ് നടപടി സ്വീകരിച്ചതെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി.
ഒക്ടോബർ 22 നാണ് യുഎസിൽ തുടരാൻ നിയമപരമായി അർഹതയില്ലാത്ത ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയത്. യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നത് തുടരുമെന്നും നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പറഞ്ഞു.
2024 സാമ്പത്തിക വർഷത്തിൽ, 60,000-ത്തിലധികം വ്യക്തികളെ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി രാജ്യത്ത് നിന്ന് നാടുകടത്തിയിട്ടുണ്ട്. യുഎസിൽ തുടരുന്നതിന് നിയമപരമായ അർഹതയില്ലാത്ത രാജ്യത്തെ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് നടപടി സ്വീകരിക്കുന്നതിന് ലോകമെമ്പാടുമുള്ള വിദേശ ഗവൺമെന്‍റുകളുമായി ഡിപ്പാർട്ട്മെന്‍റ് പതിവായി ഇടപഴകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
കഴിഞ്ഞ വർഷം, കൊളംബിയ, ഇക്വഡോർ, പെറു, ഈജിപ്ത്, സെനഗൽ, ഉസ്ബെക്കിസ്ഥാൻ, ചൈന, ഇന്ത്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളെ യുഎസിൽ നിന്നും നാടുകടത്തിയിട്ടുണ്ട്.