പി. പി. ചെറിയാൻ
ഷാർലറ്റ് (നോർത്ത് കാരോലൈന): യുഎസ് മാർഷൽസ് ഫ്യുജിടീവ് ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച കിഴക്കൻ ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ ഒരു വീട്ടിൽ വാറണ്ട് നൽകുന്നതിനിടെയുണ്ടായ വെടിവയ്പ്പിൽ ടാസ്‌ക് ഫോഴ്‌സിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടതായും, നാലു പേർക്ക് പരുക്കേറ്റതായും ഷാർലറ്റ് – മെക്ക്‌ലെൻബർഗ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി സ്ഥിരീകരിച്ചു.
നോർത്ത് കാരോലൈനയിൽ നടന്ന വെടിവയ്പിൽ നിയമപാലകർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ബൈഡൻ ഗവർണറുമായി സംസാരിക്കുകയും അനുശോചനവും പിന്തുണയും അറിയിക്കുകയും ചെയ്തു. ഗവർണർ റോയ് കൂപ്പർ ഷാർലറ്റിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ഉദ്യോഗസ്ഥരുമായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്താൻ അദ്ദേഹം പദ്ധതിയിടുന്നു.
ഒന്നിലധികം ആളുകളെ പ്രാദേശിക ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും സജീവമായ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യുഎസ് മാർഷൽസ് ടാസ്‌ക് ഫോഴ്‌സിലെ ഒരു ഏജന്റിനും വെടിവയ്പ്പിൽ പരുക്കേറ്റു. വെടിവയ്പ്പ് നടന്ന വീടും പ്രദേശവും സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.