യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. തിരഞ്ഞെടുപ്പനന്തരം ഉണ്ടാകാനിടയുള്ള കുഴപ്പങ്ങൾ നേരിടാൻ ആ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും തയ്യാറെടുക്കുന്നുണ്ട്. സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ആശങ്കകൾക്കിടയിൽ കലാപത്തെവരെ നേരിടാൻ അവർ സജ്ജരാണ്.
മുൻപില്ലാത്തവണ്ണം വോട്ടർമാരിൽ പകുതിയോളംപേരും മുൻകൂർ വോട്ടിങ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച പകുതിയായപ്പോഴേക്കും 6.8 കോടിപ്പേർ വോട്ടുചെയ്തെന്നാണ് കണക്ക്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ മൊത്തം പോളിങ്ങിന്റെ 43 ശതമാനമാണിത്. ടെക്സസിലെ റൗണ്ട് റോക്ക് പട്ടണത്തിലെ ഒരു ചെറിയ പ്രദേശത്തുപോലും 26,000 പേർ മുൻകൂർ വോട്ടുചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, നീണ്ട വരികളും ഇതുമൂലമുണ്ടാകുന്ന കാലതാമസവും തിരഞ്ഞെടുപ്പ് ദിവസം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.
യു.എസിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ഒരു നിർണായക മുഹൂർത്തമാണ്. കാരണം കക്ഷിരാഷ്ട്രീയത്താൽ മാത്രമല്ല ഇരുചേരികൾ രൂപപ്പെട്ടിരിക്കുന്നത്. ലിംഗഭേദവും കുടിയേറ്റവും പശ്ചിമേഷ്യാസംഘർഷം പോലുള്ള ആഗോളപ്രശ്നങ്ങളും അതിനു കാരണമാണ്. സാധാരണയായി രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ സംബന്ധിച്ച ആശങ്കകളാണ് വോട്ടർമാരുടെ തീരുമാനത്തെ നിർണയിച്ചിരുന്നത്. എന്നാൽ, സ്വത്വം, ലിംഗസമത്വം, കുടിയേറ്റ പരിഷ്കരണം എന്നിവയാണ് ജനവിഭാഗങ്ങളെ സ്വാധീനിക്കുന്നത്.