വാഷിങ്ടൺ: യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും മൂന്നാം തവണയും ഗോദയിലുള്ള മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരരംഗത്ത് ഒപ്പത്തിനൊപ്പമാണെങ്കിലും അവസാനഘട്ട സർവേ ഫലങ്ങളിൽ കമല മുന്നിട്ടുനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ വിവിധ സമയ സോണുകളിൽ പ്രാദേശിക സമയം ഏഴുമുതൽ രാത്രി എട്ടുവരെയാണ് വോട്ടിങ്. നിലവിൽ ‘മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി എട്ടു കോടിയിലധികം ആളുകൾ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പിൽ ചൊവ്വാഴ്ച ഒമ്പത് കോടി പേർ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്കകംതന്നെ സാധാരണയായി ഫലം പുറത്തുവരാറുണ്ടെങ്കിലും, ഇക്കുറി ഏറെ വൈകുമെന്നാണ് റിപ്പോർട്ടുകൾ.
മാസങ്ങൾ നീണ്ട വീറുറ്റ പ്രചാരണത്തിലും മാധ്യമ സർവേകളിലും ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും അവസാന നിമിഷങ്ങളിൽ കമലക്ക് നേരിയ മുൻതൂക്കം ലഭിച്ചിട്ടുണ്ട്. ട്രംപിന് വളരെ സാധ്യത കൽപിക്കപ്പെട്ടിരുന്ന അയോവയിലടക്കം കമല മുന്നിട്ടുനിൽക്കുന്നതായാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ഇക്കുറി വനിതാ വോട്ടുകളും കമലക്ക് അനുകൂലമാണെന്ന് സർവേകൾ പറയുന്നു. 2016ൽ ഹിലരി ക്ലിന്റണെതിരെ മത്സരിച്ചപ്പോൾ 53 ശതമാനം വനിത വോട്ടുകൾ നേടിയ ട്രംപിന് ഇക്കുറി 40 ശതമാനം വോട്ടേ ലഭിക്കൂവെന്നാണ് സൂചന.
പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. ഈ സംസ്ഥാനങ്ങളിലായിരുന്നു അവസാനദിന പ്രചാരണം. അതിനിടെ, തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ ഉന്നയിച്ച് ട്രംപ് രംഗത്തുവന്നത് പുതിയ വിവാദങ്ങൾക്ക് തിരിതെളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാൽ അദ്ദേഹം കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.