Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅഭിമാനം: യു.എസ്. ജനപ്രതിനിധി സഭയിലേക്കാണ് ആറ് ഇന്ത്യന്‍ വംശജര്‍

അഭിമാനം: യു.എസ്. ജനപ്രതിനിധി സഭയിലേക്കാണ് ആറ് ഇന്ത്യന്‍ വംശജര്‍

വാഷിങ്ടണ്‍, ഡി.സി: ഇത്തവണത്തെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനമേകി ആറുപേര്‍. യു.എസ്. ജനപ്രതിനിധി സഭയിലേക്കാണ് ആറ് ഇന്ത്യന്‍ വംശജര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കൂട്ടത്തില്‍ വെര്‍ജീനിയയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍-അമേരിക്കന്‍ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാന്യമുള്ളത്.

വെര്‍ജീനിയ സംസ്ഥാനത്ത് നിന്ന് മാത്രമല്ല, യു.എസ്സിന്റെ കിഴക്കന്‍തീര സംസ്ഥാനങ്ങളില്‍നിന്നു തന്നെ ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെ പരാജയപ്പെടുത്തിയാണ് സുബ്രഹ്‌മണ്യം പരാജയപ്പെടുത്തിയത്. യു.എസ്. പ്രസിഡന്റായിരിക്കെ ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു ഇന്ത്യന്‍-ഏഷ്യന്‍ സമൂഹത്തിന്റെ മുഖമെന്ന് അറിയപ്പെടുന്ന സുഹാസ് സുബ്രഹ്‌മണ്യം.

‘കഠിനമായ പോരാട്ടത്തില്‍ വെര്‍ജീനിയയിലെ പത്താം ജില്ലയിലെ ജനങ്ങള്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ചു. ഇത് അഭിമാനകരമായ കാര്യമാണ്. എന്റെ വീട് ഈ ജില്ലയിലാണ്. ഞാന്‍ വിവാഹം ചെയ്തത് ഇവിടെ നിന്നാണ്. എന്റെ പെണ്‍മക്കളെ വളര്‍ത്തുന്നത് ഇവിടെയാണ്. അതിനാല്‍ തന്നെ ഇവിടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ വ്യക്തിപരമായി എന്റെ കുടുംബത്തിന്റേതുകൂടിയാണ്. ഇവിടുത്തെ ജനങ്ങളെ വാഷിങ്ടണില്‍ പ്രതിനിധീകരിക്കുക എന്നത് വളരെ അഭിമാനകരമായ കാര്യമാണ്.’ -സുഹാസ് സുബ്രഹ്‌മണ്യം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

‘സമോസ കോക്കസ്’ എന്നാണ് യു.എസ്സിലെ ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയില്‍ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയ്പാല്‍, ശ്രീ തനേദാര്‍ എന്നിവരാണ് അവര്‍. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്.

സുഹാസ് സുബ്രഹ്‌മണ്യം കൂടി എത്തുന്നതോടെ സമോസ കോക്കസിലെ അംഗങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു. അരിസോണയിലെ ഒന്നാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരെ അമിഷ് ഷാ വിജയിക്കുകയാണെങ്കില്‍ സമോസ കോക്കസില്‍ ഒരാള്‍ കൂടിയെത്തും. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അന്തിഫലം വന്നാല്‍ മാത്രമേ ഇവിടെ ആര് വിജയിച്ചു എന്ന് പറയാന്‍ കഴിയൂ.


മിഷിഗണിലെ 13-ാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ശ്രീ തനേദാര്‍. ഇല്ലിനോയിയിലെ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയിലെ പ്രതിനിധിയാണ് രാജ കൃഷ്ണമൂര്‍ത്തി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം ജനപ്രതിനിധിസഭയിലെത്തുന്നത്. കാലിഫോര്‍ണിയയിലെ 17-ാം കോണ്‍ഗ്രഷണല്‍ ജില്ലയില്‍ നിന്നാണ് റോ ഖന്ന തിരഞ്ഞെടുക്കപ്പെട്ടത്. വാഷിങ്ടണ്‍ സംസ്ഥാനത്തെ ഏഴാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് പ്രമീള ജയ്പാല്‍.

ഡോക്ടര്‍ കൂടിയായ അമി ബേരയാണ് ഇക്കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം. കാലിഫോര്‍ണിയയിലെ ആറാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് അദ്ദേഹം. തുടര്‍ച്ചയായി ഏഴാം തവണയാണ് അദ്ദേഹം യു.എസ്. ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com