വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിന് ചുക്കാൻപിടിച്ച സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു.ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി. പ്രസിഡന്റിന്റെ നയ രൂപവത്കരണം, ദൈനംദിന പ്രവർത്തനങ്ങൾ, ജീവനക്കാരുടെ ഘടന എന്നിവ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയുമാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ പ്രധാന ജോലി. സൂസി മിടുക്കിയും നൂതന ആശയമുള്ളവളും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമുള്ളയാളുമാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.
രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളിൽ തന്നെ ചരിത്ര വിജയത്തിലേക്ക് നയിച്ച വ്യക്തിയാണ്. സൂസി രാജ്യത്തിന് അഭിമാനമാകും. അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അക്ഷീണം ജോലിചെയ്യാൻ സൂസിക്ക് കഴിയും. യു.എസ് ചരിത്രത്തിലാദ്യമായി ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത എന്ന നിലയിൽ സൂസിക്ക് നൽകുന്ന വലിയ ബഹുമതിയാണ് ഈ നിയമനമെന്നും ട്രംപ് പറഞ്ഞു.
പ്രചാരണ രംഗത്തെ മികവ് കണക്കിലെടുത്താണ് രണ്ടാമതൊന്ന് ആലോചിക്കാതെ സൂസിയെ തെരഞ്ഞെടുക്കാൻ ട്രംപ് ടീം തയാറായത്. 1980ലാണ് അവർ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. അമേരിക്കയുടെ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ 1980ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയത് സൂസിയാണ്. 2016ലും 2020ലും ട്രംപിന്റെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് സൂസി പ്രവർത്തിച്ചിരുന്നു. പ്രമുഖ സ്പോർട്സ് മാധ്യമ പ്രവർത്തകനും ഫുട്ബാൾ താരവുമായ പാറ്റ് സമ്മറാളിന്റെ മകളാണ്.