വാഷിങ്ടൻ : മെക്സിക്കോയോടു ചേർന്നുള്ള തെക്കൻ അതിർത്തിവഴിയുൾപ്പെടെ നടക്കുന്ന അനധികൃത കുടിയേറ്റത്തിന് അവസാനം കാണാൻ ഡോണൾഡ് ട്രംപിന്റെ വലംകയ്യായി ടോം ഹോമെൻ തിരിച്ചെത്തുന്നു. നിയമവിരുദ്ധമായി യുഎസിലെത്തുന്ന കുടിയേറ്റക്കാരെ പിടികൂടി നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നതുൾപ്പെടെ കർശന നടപടികളുടെ ചുമതലയുള്ള അതിർത്തി മേധാവിയായി ഹോമെനെ (62) നിയമിക്കുമെന്ന് നിയുക്ത പ്രസിഡന്റായ ട്രംപ് പ്രഖ്യാപിച്ചു. ജനപ്രതിനിധിസഭാംഗമായ ഇലീസ് സ്റ്റെഫനിക് (40) യുഎന്നിലെ യുഎസ് അംബാസഡറാകും.
സമുദ്ര, വ്യോമാതിർത്തി സുരക്ഷാച്ചുമതലയും ഹോമെനാണ്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) മേധാവിയായിരുന്നു. കുടിയേറ്റനയത്തിൽ തീവ്രനിലപാടുള്ള ഹോമെൻ 2017 ൽ ഐസിഇ മേധാവിയായിരുന്നപ്പോൾ അറസ്റ്റിലാകുന്ന അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെക്കാൾ 40% വർധനയുണ്ടായി.
ഇപ്പോഴത്തെ ജോ ബൈഡൻ ഭരണകൂടത്തിൽ കമല ഹാരിസിനാണ് അതിർത്തിയുടെ ചുമതല. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വർധിച്ചതിന് കമല ഏറെ വിമർശിക്കപ്പെട്ടിരുന്നു.