വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ആദ്യമായി ചെയ്ത കാര്യം ഇലോൺ മസ്കിന് വകുപ്പ് നൽകുക എന്നതായിരുന്നു. പ്രചാരണഘട്ടത്തിൽ പലപ്പോഴുമായി കൂടെ ഉണ്ടായിരുന്ന മസ്കിന് സർക്കാർ കാര്യക്ഷമതാ വകുപ്പ് ( ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി,DOGE ) ആണ് ട്രംപ് നൽകിയത്. ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്കൊപ്പമാണ് മസ്ക് ഈ വകുപ്പ് കൈകാര്യം ചെയ്യുക.
ഇപ്പോളിതാ ഈ വകുപ്പ് കൈകാര്യം ചെയ്യാൻ തങ്ങൾക്കിരുവർക്കും ശമ്പളം ഇല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മസ്ക്. യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ ഒരു ട്വീറ്റിലൂടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ കൈകാര്യം ചെയ്യേണ്ട വകുപ്പിന് എന്തിനാണ് രണ്ടുപേർ എന്ന് പരിഹാസരൂപേണ എലിസബത്ത് ചോദിച്ചിരുന്നു. ഡൊണാൾഡ് ട്രംപ് ആയിരുന്നു ഉന്നം. പക്ഷെ മറുപടി നൽകിയത് സാക്ഷാൽ മസ്ക് തന്നെയാണ്.
നിങ്ങളെപ്പോലെയല്ല, ഞങ്ങൾ രണ്ട് പേരും ഈ വകുപ്പ് കൈകാര്യം ചെയ്യാൻ ശമ്പളം വാങ്ങുന്നില്ല. ‘ഡോഗ്’ ജനങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്നുറപ്പാണ്. കാലം തെളിയിക്കട്ടെ ഇനിയെല്ലാം’ എന്നായിരുന്നു മസ്കിന്റെ മറുപടി. ശമ്പളമില്ലാത്ത മന്ത്രിമാർ എന്ന ഈ ട്വീറ്റ് ഇപ്പോൾ തന്നെ അമേരിക്കക്കാർക്കിടയിൽ ചർച്ചയായിട്ടുണ്ട്.