പി പി ചെറിയാൻ
ന്യൂയോർക്ക് (എപി) : ഗ്രിംവേ ഫാംസ് ജൈവ കാരറ്റ് കഴിച്ചതിനെ തുടർന്നുണ്ടായ അണുബാധ കാരണം ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഇ. കോളി ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്തതായി ഫെഡറൽ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
18 സംസ്ഥാനങ്ങളിലായി 39 പേർക്ക് ഈ രോഗം ബാധിച്ചു. ഇതിൽ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രിംവേ ഫാംസ് വിൽക്കുന്ന ജൈവ കാരറ്റിലാണ് ബാക്ടീരിയ ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്ന് നേച്ചേഴ്‌സ് പ്രോമിസ്, ഒ-ഓർഗാനിക്‌സ്, ട്രേഡർ ജോസ്, വെഗ്‌മാൻസ് തുടങ്ങി ഒന്നിലധികം ബ്രാൻഡ് നാമങ്ങളിൽ വിറ്റഴിച്ച മുഴുവൻ ബേബി ഓർഗാനിക് കാരറ്റും തിരിച്ചുവിളിച്ചിട്ടുണ്ട്.
ന്യൂയോർക്ക്, മിനസോഡ, വാഷിങ്‌ടൻ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കലിഫോർണിയ, ഓറിഗൻ എന്നിവിടങ്ങളിലും രോഗബാധ ഉണ്ടായിട്ടുണ്ട്. തിരിച്ചുവിളിച്ച ബാഗ് കാരറ്റ് കഴിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. ഈ രോഗബാധയ്ക്ക് കാരണം ഇ.കോളി ബാക്ടീരിയായാണ്. ഇത് മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യും.