പി പി ചെറിയാൻ
മാസച്യുസിറ്റ്സ് : കൊലപാതക കുറ്റം ആരോപിച്ച് മൂന്നു പതിറ്റാണ്ടു കാലത്തോളം ജയിൽവാസം. ഒടുവിൽ നീതി. നിരപരാധിയെന്ന് കണ്ടെത്തിയ 64 കാരന് 13 ദശലക്ഷം ഡോളർ നഷ്ടപരിഹാരം. മാസച്യുസിറ്റ്സ് സ്വദേശിയായ മൈക്കൽ സുള്ളിവൻ ആണ് ചെയ്യാത്ത കുറ്റത്തിന് മൂന്നു പതിറ്റാണ്ടു കാലത്തോളം ജയിലിൽ കഴിഞ്ഞത്. നവംബർ ആദ്യമാണ് സുള്ളിവൻ നിരപാരാധിയെന്ന് മാസച്യുസിറ്റ്സ് ജൂറി വിധിച്ചത്. 13 ദശലക്ഷം ഡോളറിൽ 10 ലക്ഷം ഡോളർ തെറ്റായ ശിക്ഷാ വിധികൾക്ക് ഇരയായതിന്റെ പേരിലാണ് ലഭിച്ചത്.
1987 ൽ വിൽഫ്രഡ് മഗ്രാത്ത് എന്ന വ്യക്തിയെ മോഷണത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയും മൃതശരീരം അടഞ്ഞുകിടക്കുന്ന സൂപ്പർമാർക്കറ്റിന്റെ പിറകിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സുള്ളിവന് ജയിൽ ശിക്ഷ ലഭിച്ചത്. കൊലപാതകം, സായുധ കവർച്ച എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് സുള്ളിവന് ശിക്ഷ വിധിച്ചത്. സുളളിവൻ ജയിലിൽ പോയതിന് ശേഷം അമ്മയും 4 സഹോദരങ്ങളും ഇതിനിടെ മരണപ്പെട്ടു. കാമുകിയും ഉപേക്ഷിച്ചു. ശിക്ഷാ കാലത്തിനിടെ നിരവധി ജയിൽ അക്രമണങ്ങൾക്കും സുള്ളിവൻ ഇരയായി.