വാഷിങ്ടൺ: ചൈനീസ് ഷോർട്ട് വിഡിയോ ആപ്പായ ടിക് ടോക് നിരോധനം യു.എസിൽ ഞായറാഴ്ച നിലവിൽവരും. നിരോധിക്കില്ലെന്ന് വൈറ്റ് ഹൗസും നീതിന്യായവകുപ്പും വ്യക്തമായ ഉറപ്പ് നൽകാത്തതിനാൽ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ജനുവരി 19നകം ബൈറ്റ്ഡാൻസ് കമ്പനിയുടെ യു.എസിലെ മുഴുവൻ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡന് സര്ക്കാര് നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് പ്രവർത്തനം നിർത്തുന്നത്.
നിരോധനം നിലവിൽവരുന്നതോടെ ആപ് ഡൗൺലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും കഴിയില്ല. ആസ്തി വിറ്റില്ലെങ്കിൽ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദനിയമത്തിന് സുപ്രീംകോടതി വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു. 17 കോടി ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയമം ഹനിക്കുമെന്ന ടിക് ടോകിന്റെ വാദം സുപ്രീംകോടതി തള്ളിയിരുന്നു. ടിക് ടോക് യു.എസിൽ ലഭ്യമാക്കുന്നുണ്ടെങ്കിൽ അത് അമേരിക്കൻ ഉടമസ്ഥതയിൽ മാത്രമായിരിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിൻ ജീൻ-പിയറി പറഞ്ഞു. നിയമം നടപ്പാക്കേണ്ടത് ട്രംപ് ഭരണകൂടമാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
അതേസമയം, നിരോധനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നും അധികാരത്തിൽ വന്നശേഷം കാര്യങ്ങൾ പരിശോധിക്കുമെന്നുമുള്ള ട്രംപിന്റെ പ്രതികരണത്തെ ടിക് ടോക് സി.ഇ.ഒ ഷൗ സി ച്യൂ സ്വാഗതം ചെയ്തു.