പി പി ചെറിയാൻ
ജോർജിയ : ഈ മാസം മധ്യേ കാണാതായ സമൂഹമാധ്യമ താരം ജിയാരെ ഷ്നൈഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ജോർജിയയിലെ വീടിന് സമീപത്തെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 31 വയസായിരുന്നു.
ക്ലെയ്ടൺ കൗണ്ടി പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബർ 15 മുതലാണ് ടിക്ക്ടോക് താരമായ ജിയാരെയെ കാണാതായത്. 26ന് വീടിന് സമീപത്തെ വനപ്രദേശത്ത് കുടുംബാഗങ്ങളും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ജിയാരെയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുഹൃത്തിൽ നിന്നും കടം വാങ്ങിയ കാറിനുള്ളിലാണ് ജിയാരെയുടെ മൃതദേഹം കണ്ടത്. സമൂഹമാധ്യമ താരങ്ങൾക്ക് കണ്ടന്റ് ഉണ്ടാക്കാനും ലൈവ് ചെയ്യാനുമുള്ള ഇടമായ കണ്ടന്റ് ഹൗസിലേക്കുള്ള യാത്രക്കിടെയാകും മരണപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ജിയാരെയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് 25 മിനിറ്റ് അകലെയാണ് കണ്ടന്റ് ഹൗസ്.