വാഷിങ്ടൻ :സ്വകാര്യ ബഹിരാകാശയാത്രികനും ശതകോടീശ്വരനുമായ ജാറഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ബഹിരാകാശ ഏജൻസി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തിൽ ജാറഡ് ഐസക്മാനും പങ്കെടുത്തിരുന്നു. ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയായ ജാറഡ്, ഇലോൺ മസ്‌കിന്റെ സുഹൃത്തു കൂടിയാണ്. ഇതോടെ ഐസക്മാന്റെ നിയമനം, വിവാദങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. 41വയസ്സുകാരനായ ഐസക്മാൻ യുഎസിലെ പ്രമുഖ ഓൺലൈൻ പണമിടപാട് കമ്പനിയായ ‘ഷിഫ്റ്റ് 4 പേയ്മെന്റിന്റെ’ സ്ഥാപക സിഇഒ കൂടി ആണ്.
‘‘പ്രമുഖ ബിസിനസ് നേതാവും മനുഷ്യസ്‌നേഹിയും ബഹിരാകാശയാത്രികനുമായ ജാറഡ് ഐസക്മാനെ നാസയുടെ അഡ്മിനിസ്‌ട്രേറ്ററായി നാമനിർദേശം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. നാസയെ വരും വർഷങ്ങളിൽ ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ, പര്യവേക്ഷണം എന്നീ മേഖലയിൽ മികച്ച നേട്ടങ്ങളിലേക്ക് നയിക്കാൻ ജാറഡിന് സാധിക്കും. കഴിഞ്ഞ 25 വർഷമായി, ഷിഫ്റ്റ് 4 പേയ്മെന്റിന്റെ സ്ഥാപകനും സിഇഒയും എന്ന നിലയിൽ, അസാധാരണമായ നേതൃമികവാണ് ജാറഡ‍് പ്രകടമാക്കിയത്. ഒരു മികച്ച സാമ്പത്തിക സാങ്കേതിക കമ്പനിയെ രാജ്യാന്തര നിലവാരത്തിൽ അദ്ദേഹം കെട്ടിപ്പടുത്തു. ഡിഫൻസ് എയ്‌റോസ്‌പേസ് കമ്പനിയായ ഡ്രാക്കൻ ഇന്റർനാഷനലിന്റെ സഹസ്ഥാപകനും സിഇഒയുമായി അദ്ദേഹം ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്നു.