പി. പി. ചെറിയാൻ
ഓക്ലഹോമ : ഓക്ലഹോമയിലെ മോട്ടൽ പാർക്കിങ്ങിൽ വച്ച് മുഖത്ത് അടിയേറ്റ് ഇന്ത്യക്കാരൻ മരിച്ചു. ഗുജറാത്ത് സ്വദേശിയായ മോട്ടൽ മാനേജർ ഹേമന്ത് ശാന്തിലാൽ മിസ്ത്രി (59) ആണ് മരിച്ചത്. ഹേമന്തും റിച്ചാർഡ് ലൂയിസും(41) തമ്മിൽ തർക്കമുണ്ടാകുകയും മോട്ടലിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെട്ട ഹേമന്തിനെ ഇയാൾ അടിക്കുകയുമായിരുന്നു. ശനിയാഴ്ച രാത്രി ഇന്റർസ്റ്റേറ്റ് 40-നും മെറിഡിയൻ അവന്യൂവിനും സമീപമാണ് സംഭവം നടന്നത്.
രാത്രി 10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് മിസ്ത്രിയെ അബോധാവസ്ഥയിൽ കണ്ടെത്തി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
റിച്ചാർഡ് ലൂയിസിനെ എസ്. മെറിഡിയൻ അവന്യൂവിലെ 1900 ബ്ലോക്കിലുള്ള ഒരു ഹോട്ടലിൽ നിന്ന് പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത റിച്ചാർഡിനെ ഒാക്ലഹോമ കൗണ്ടി ജയിലിൽ തടവിലാക്കിയിരിക്കുകയാണ്. തർക്കത്തിനു പിന്നിലെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.