പി പി ചെറിയാൻ
അറ്റ്ലാന്‍റ : അറ്റ്ലാന്‍റയിൽ നടന്ന ആദ്യ സംവാദത്തിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നടത്തിയ പ്രകടനം നിരാശാജനകമെന്ന് പൊതു വിലയിരുത്തൽ. പ്രസിഡന്‍റിന്‍റെ പ്രായമാണ് പ്രധാന ചർച്ചാ വിഷയമായത്. 81 വയസ്സുകാരനായ ബൈഡൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ്. ബൈഡനു പകരം മറ്റൊരാളെ സ്ഥാനാർത്ഥിയാക്കേണ്ടി വരുമെന്നും ചില ഡെമോക്രാറ്റുകൾക്കിടയിൽ സംസാരമുണ്ട്.
ബൈഡനു പകരം ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെങ്കിലും, തിരഞ്ഞെടുപ്പ് ദിവസത്തിന് നാല് മാസങ്ങൾ ബാക്കിനിൽക്കെ, സാധ്യമായ ഒരു എതിരാളി വൈസ് പ്രസിഡന്‍റ് കമല ഹാരിസാണ്. 59 വയസ്സുകാരിയായ ഹാരിസിന് ബൈഡനെക്കാളും ട്രംപിനേക്കാളും പ്രായം കുറവാണ്. ഈ മാസം ആദ്യം പൊളിറ്റിക്കോയും മോണിങ് കൺസൾട്ടും നടത്തിയ ഒരു വോട്ടെടുപ്പിൽ, ഹാരിസ് ഡെമോക്രാറ്റിക് നോമിനി ആയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് മൂന്നിലൊന്ന് വോട്ടർമാരും, അഞ്ചിൽ മൂന്ന് ഡെമോക്രാറ്റുകൾ കരുതുന്നതായി ഫലം വന്നിരുന്നു.