ന്യൂയോർക്ക് : ഇന്ത്യൻ വംശജന് ഇതാദ്യമായി ന്യൂയോർക്ക് പൊലീസിൽ ഇൻസ്പെക്ടർ സ്ഥാനം ലഭിച്ചു. ആലപ്പുഴ ജില്ലയിൽ ചെന്നിത്തല ചെറുകോൽ വെന്നിയിൽ കുടുംബാംഗം മധു, ലത (ന്യൂയോർക്ക്) ദമ്പതികളുടെ മൂത്ത മകനായ ഷിബു മധുവാണ് ഈ നേട്ടം കരസ്ഥമാക്കിയത്. ഭാര്യ കരോളിൻ. മക്കൾ ആൻഡ്രൂ, നിക്കോൾ. സഹോദരി ഷീബ മധു (ന്യൂയോർക്ക്).
ഷിബു മധു പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം അസ്പെൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദം നേടി. 2007ൽ ന്യൂയോർക്ക് പൊലീസിൽ ഓഫിസർ പദവിയിൽ സേവനം ആരംഭിച്ച ഷിബു 2013ൽ സെർജന്‍റ്, 2016ൽ ലെഫ്റ്റനന്‍റ്, 2018ൽ ക്യാപ്റ്റൻ, 2021ൽ ഡപ്യൂട്ടി ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഷിബു മധു ഷിറിൻ വൈലങ്കണ്ണി സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1999ലാണ് ചെന്നൈയിൽ ടി. നഗറിൽ താമസിച്ചിരുന്ന മധുവും കുടുംബവും അമേരിക്കയിൽ എത്തിയത് വൈക്കം സത്യാഗ്രഹത്തിൽ ആദ്യം അറസ്റ്റിലായ വെന്നിയിൽ ഗോവിന്ദ പണിക്കരുടെ കൊച്ചുമകനാണ് ഷിബുവിന്‍റെ പിതാവ് മധു. ന്യൂയോർക്കിലെ മലയാളി സമൂഹം ഷിബുവിന് ലഭിച്ച പദവിയിൽ സന്തോഷം രേഖപ്പെടുത്തി.