വാഷിങ്ടൻ : യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു.
വൈറ്റ്ഹൗസിൽ തനിക്കുശേഷം 7 പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും ജോർജിയയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വീട് ആശുപത്രിയാക്കിയുള്ള സ്നേഹപരിചരണത്തിൽ കഴിയുകയായിരുന്നു.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്.1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു.