വാഷിംഗ്ടണ്‍: ചരിത്രത്തിലാദ്യമായി ട്രാൻസ് ജെന്‍ഡര്‍ യുവതിയുടെ വധശിക്ഷ നടപ്പിലാക്കി അമേരിക്ക. ആംബർ മക്ലാഗ്ലിൻ എന്ന 49 കാരിയുടെ വധശിക്ഷയാണ് പ്രാദേശിക സമയം ഏഴ് മണിയോടെ നടപ്പാക്കിയത്. 2003 ല്‍ ബെവർലി ഗുന്തർ എന്ന മുൻ കാമുകിയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. 2006 ൽ കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. കൊല നടന്ന ദിവസം ഗുന്തർ ജോലി കഴിഞ്ഞ് വരുന്നത് വരെ ആംബർ അവരെ കാത്തിരുന്നു. തുടർന്ന് ഇവരെ കടന്നുപിടിക്കുകയും രോഷാകുലയായ ആംബര്‍ അടുക്കളയിലുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കാമുകിയെ കുത്തിക്കൊല്ലുകയുമായിരുന്നു. പിന്നീട് മൃതശരീരം മിസിസിപ്പി നദിക്ക് സമീപം തള്ളി.
മിസോറിയിലെ ഡയഗ്‌നോസിസ് കറക്ഷണൽ സെന്ററിലാണ് ആംബറിന്റെ വധശിക്ഷ നടപ്പാക്കിയത്. വിഷം കുത്തിവെച്ചായിരുന്നു വധശിക്ഷ. ബാല്യകാലത്ത് രണ്ടാനച്ഛന്റെ ക്രൂരമായ പീഡനങ്ങൾ ഇവർ ഏറ്റുവാങ്ങിയിരുന്നതായും ഇതേത്തുടർന്നാണ് ഇവർക്ക് അസ്വാഭാവിക മാനസിക നിലയുണ്ടായതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ശിക്ഷയിൽ ഇളവുണ്ടായില്ല. ഈയിടെ ആംബർ മക്ലാഗ്ലിൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.