അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി മനോജ് പൂപ്പാറയിൽ ഫോർട്ട് ബെൻഡ് കൗണ്ടി പ്രീസിങ്ക്ട് മൂന്നിൽ പൊലീസ് ക്യാപ്ടനായി അധികാരത്തിലേറി. ടെക്സസ് സ്റ്റേറ്റ് പൊലീസ് ക്യാപ്ടനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
എറണാകുളം മുളംതുരുത്തി വെട്ടിക്കല്‍ റിട്ട. പോലീസ് ഓഫീസര്‍ പൂപ്പാറയില്‍ രാഘവന്റേയും ലീലയുടേയും മകനാണ് മനോജ്. അച്ഛനെപ്പോലെ പൊലീസാകാന്‍ കൊതിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊലീസ് സേനയുടെ മുന്‍നിരയിലേക്ക് മനോജ് എത്തിയത് തുടര്‍ച്ചയായ പോരാട്ടങ്ങളിലൂടെയാണ്. പ്രതിസന്ധികളില്‍ തളരാതെയും പ്രതീക്ഷകളില്‍ അടിയുറച്ചു വിശ്വസിച്ചും മനോജ് ജീവിതവിജയം കണ്ടെടുക്കുകയായിരുന്നു.
പനമ്പള്ളി നഗറില്‍ ഇളംകുളം വെസ്റ്റ് ഹൈസ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസവും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജില്‍ നിന്ന് ബിരുദവും കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. മാര്‍ക്കറ്റിംഗ് ജോലിയില്‍ പ്രവേശിച്ച് ശ്രീലങ്ക, ദുബായ്, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ചു. സെയില്‍സ് എക്‌സിക്യൂട്ടീവ് മുതല്‍ ജൂനിയര്‍ ഓഫിസര്‍ വരെയുള്ള ഏത് ജോലിയും ഇരുകൈയും നീട്ടി സ്വീകരിച്ചു. ശേഷം 2005ല്‍ അമേരിക്കയിലെത്തി. ഫിനിക്സ് യൂണിവേഴ്സിറ്റിയില്‍ നിന്നും എംബിഎ ബിരുദം നേടിയ ശേഷം ഹരീസ് കൗണ്ടിയില്‍ ഡപ്യൂട്ടി ഷെരീഫ് ആയി ഹൂസ്റ്റണില്‍ ജീവിതമാരംഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണ്‍ പോലീസ് അക്കാദമിയില്‍ നിന്ന് ബസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2019 മുതല്‍ ഹൂസ്റ്റണ്‍ മെട്രോ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ചു.
ജോലിയിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും എപ്പോഴും തന്റെ അടയാളമായി കാത്തുസൂക്ഷിച്ച മനോജ് പൂപ്പാറയില്‍ മറ്റുള്ളവര്‍ക്കും മാതൃകയായി. ജോലിത്തിരക്കിലും സാമൂഹികസേവനം ജീവിതത്തിന്റെ ഭാഗമാക്കി. തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇദ്ദേഹം പഠനസഹായം നല്‍കി വരുന്നത്.