ന്യൂയോർക്ക്: മഞ്ഞ് വീഴ്ചയുടേയും കൊടും തണുപ്പിന്റേയും പിടിയിലമർന്ന് 40 ദശലക്ഷം അമേരിക്കക്കാർ. അമേരിക്കയുടെ മൂന്നിൽ രണ്ട് ഭാഗം മേഖലയിലും അതി ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യ കൊടുങ്കാറ്റ് ശക്തമായതിന് പിന്നാലെ കാൻസാസ് മുതൽ മിസൂറി മുതൽ കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
യാത്രകൾ വരെ അസാധ്യമാകുന്ന അവസ്ഥയാണ് മിക്കയിടങ്ങളിലും നേരിടുന്നത്. കനത്ത മഞ്ഞ് മൂലം മിക്കയിടങ്ങളിലും കാഴ്ച പോലും ദുഷ്കരമാണ്. മഞ്ഞും ഐസും കനത്ത തണുപ്പും അമേരിക്കയുടെ കിഴക്കൻ മേഖലയിലേക്ക് ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് വിശദമാക്കുന്നത്. മണിക്കൂറിൽ 40 മീറ്റർ ശക്തിയിലാണ് ശൈത്യ കൊടുങ്കാറ്റ് വീശുന്നത്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ മഞ്ഞ് വീഴ്ചയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. കാൻസാസ്, നെബ്രാസ്ക, മിസൂറി മേഖലകളിൽ 15 ഇഞ്ചോളം ഘനത്തിലാണ് മഞ്ഞ് വീഴുന്നത്. ഇന്റർ സ്റ്റേറ്റ് 70ലും മഞ്ഞ് വീഴ്ച മൂലം യാത്ര സാധ്യമാകുന്നില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ആർട്ടിക് മേഖല പെട്ടന്ന് ചൂട് പിടിക്കുന്നതാണ് നിലവിലെ കാലാവസ്ഥ രൂക്ഷമാകുന്നതിന് പിന്നിലെന്നാണ് ചില പഠനങ്ങൾ വിശദമാക്കുന്നത്. ഓഹായോ താഴ്വരയിലേക്കാണ് ശൈത്യ കൊടുംങ്കാറ്റ് നീങ്ങുന്നതെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഫ്ളോറിഡയിലെ തെക്കൻ മേഖല അടക്കം തിങ്കളാഴ്ചയോടെ കനത്ത ശൈത്യത്തിന്റെ പിടിയിലാവുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതിശൈത്യ വിവിധ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സാധാരണക്കാരുടെ നിത്യ ജീവിതത്തേയും സാരമായാണ് ബാധിച്ചിട്ടുള്ളത്.