വാഷിങ്ടൻ : നാടകീയ സംഭവങ്ങൾക്കൊടുവിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കെവിൻ മക്കാർത്തി യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായി. വോട്ടെടുപ്പിൽ 15–ാം റൗണ്ടിലാണ് മക്കാർത്തിക്ക് ഭൂരിപക്ഷത്തിനാവാശ്യമായ വോട്ട് ലഭിച്ചത്. സ്വന്തം പാർട്ടിയിലെ തീവ്ര നിലപാടുകാരാണ് മക്കാർത്തിയുടെ ജയം തടഞ്ഞത്. അവർ നിർത്തിയ ജിം ജോർഡന് വിവിധ റൗണ്ടുകൾ പിന്തുണ ലഭിച്ചു. ഇതിലൂടെ 218 എന്ന ഭൂരിപക്ഷത്തിനായ സംഖ്യയിൽ എത്താൻ മക്കാർത്തി വൈകി. ബഹളത്തെ തുടർന്ന് സഭ അടുത്ത ദിവസം ചേരാൻ പിരിയുകയായിരുന്നു.
‘എന്റെ പിതാവ് എപ്പോഴും എന്നോട് പറയുമായിരുന്നു നിങ്ങൾ എങ്ങനെ തുടങ്ങുന്നുവെന്നല്ല, എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതാണ് പ്രധാനമെന്ന്’– വിജയത്തിനുശേഷം മക്കാർത്തി പ്രതികരിച്ചു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള വ്യക്തിയാണ് മക്കാർത്തി. ‘യുഎസ്എ, യുഎസ്എ’ എന്നിങ്ങനെ ഉറക്കെ വിളിച്ചാണ് റിപ്പബ്ലിക്കൻസ് മക്കാർത്തിയുടെ ജയം ആഘോഷിച്ചത്. ഡമോക്രാറ്റ് സ്ഥാനാർഥി ഹക്കിം ജഫ്രീസിന് എല്ലാ റൗണ്ടിലും 212 വോട്ട് ലഭിച്ചു.
യുഎസ് കോൺഗ്രസിന്റെ ചരിത്രത്തിൽ 1923 നു ശേഷം ഇതാദ്യമാണ് സഭയിൽ ഭൂരിപക്ഷമുള്ള കക്ഷിയുടെ സ്ഥാനാർഥിക്ക് സ്പീക്കർ തിരഞ്ഞെടുപ്പിൽ വിജയത്തിനാവശ്യമായ വോട്ട് ലഭിക്കാതെ പല തവണ വോട്ടെടുപ്പ് നേരിടേണ്ടിവരുന്നത്. റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം ലഭിച്ചശേഷം ചേർന്ന സഭാസമ്മേളനത്തിന്റെ ആദ്യദിനം പൂർണമായി ആശയക്കുഴപ്പത്തിലും ബഹളത്തിലും മുങ്ങിയിരുന്നു. പലതവണ നടപടികൾ തടസ്സപ്പെടുകയും ചെയ്തു.