Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ

വാഷിംങ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാർക്ക് സക്കർബർഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കിയതിൽ രൂക്ഷവിമർശനവുമായി ജോ ബൈഡൻ. മെറ്റയുടെ നയംമാറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു.

ലക്ഷക്കണക്കിന് മനുഷ്യർ പച്ചക്കള്ളങ്ങൾ വായിക്കുന്ന അവസ്ഥയിലേക്കാകും ഇതു നയിക്കുകയെന്നും ബൈഡൻ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. ‘അമേരിക്ക എന്ന ആശയത്തിനു തന്നെ വിരുദ്ധമാണിത്. നമ്മളെല്ലാം സത്യം പറയാനാണ് ആഗ്രഹിക്കുന്നത്. സത്യം പറയുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.’- അദ്ദേഹം പറഞ്ഞു.

ദിവസങ്ങൾക്കുമുൻപാണ് ഫാക്ട് ചെക്കിങ് പ്രോഗ്രാം നിർത്തലാക്കുകയാണെന്ന് മെറ്റ പ്രഖ്യാപിച്ചത്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സിനു സമാനമായി ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ അനുബന്ധമായി പ്രസിദ്ധീകരിക്കുന്ന ‘കമ്യൂണിറ്റി നോട്ട്‌സ്’ ആണ് പകരം അവതരിപ്പിച്ചിരിക്കുന്നത്. ഉള്ളടക്ക നയങ്ങളിലും കമ്പനി വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ട്രംപ് അധികാരമേൽക്കുന്നതിന് തൊട്ടുമുൻപ് അവതരിപ്പിച്ച നയംമാറ്റങ്ങളിൽ അമേരിക്കയുടെ പല കോണുകളിൽനിന്ന് വലിയ വിമർശനം ഉയരുന്നുണ്ട്. മെറ്റയ്ക്കു കീഴിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലുള്ള ഫാക്ട് ചെക്കിങ് പ്രോഗ്രാമുകളുടെ കടുത്ത വിമർശകനാണ് ട്രംപ്. വലതുപക്ഷ സ്വരങ്ങൾ അടിച്ചമർത്താനുള്ള നീക്കങ്ങളുടെ ഭാഗമായി അവതരിപ്പിച്ചതാണ് ഇതെന്നായിരുന്നു ട്രംപിന്റെ ആരോപണം.

കോവിഡ്-19 വാക്‌സിനുകളുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ബൈഡൻ ഭരണകൂടം സമ്മർദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു. ഒരു പോഡ്കാസ്റ്റിലായിരുന്നു മെറ്റ സിഇഒയുടെ വെളിപ്പെടുത്തൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com