വാഷിംഗ്ടണ്‍: അമേരിക്കയില്‍ രണ്ടാം വരവില്‍ നിര്‍ണായ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. ജെന്‍ഡര്‍, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അമേരിക്കയില്‍ ഇനി മുതല്‍ സ്ത്രീ എന്നും പുരുഷനുമെന്നുമുള്ള രണ്ട് ജെന്‍ഡറുകള്‍ മാത്രമേ ഉണ്ടാകൂ എന്ന് ട്രംപ് പറഞ്ഞു. മറ്റ് ലിംഗങ്ങള്‍ നിയമപരമായി അനുവദിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രാൻസ്ജെൻഡേഴ്സിന് തിരിച്ചടി നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിന് വലിയ കയ്യടിയാണ് വേദിയില്‍ നിന്ന് ലഭിച്ചത്. മെക്‌സിക്കന്‍ അതിര്‍ത്തിയിലേക്ക് സൈന്യത്തെ അയയ്ക്കും. നിയമവിരുദ്ധ കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ട്രംപ് പറഞ്ഞു. യുഎസില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ ഏറെ നിര്‍ണായകമാകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.
അമേരിക്കയുടെ സുവര്‍ണകാലം തുടങ്ങിയെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രസംഗം തുടങ്ങിയത്. രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനായിരിക്കും പ്രഥമ പരിഗണന നല്‍കുകയെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക ആദ്യമെന്ന നയത്തിന് തന്നെ പ്രാമുഖ്യം നല്‍കും. നീതിയുക്തമായ ഭരണം ഉറപ്പാക്കും. അമേരിക്കയെ മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു.