വാഷിങ്‌ടൻ ഡി.സി: സ്ഥാനമൊഴിഞ്ഞ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തിങ്കളാഴ്ച വൈറ്റ് ഹൗസിലെ തന്‍റെ അവസാന സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഭാര്യ ജിൽ ബൈഡനുമൊത്താണ് മുൻ യുഎസ് പ്രസിഡന്‍റ് സെൽഫി എടുത്തത്. യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയുന്നതിന് മുൻപാണ് ഈ സെൽഫി എടുത്തത്.
വൈറ്റ് ഹൗസിന് മുന്നിൽ പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് ജോ ബൈഡനും ജിൽ ബൈഡനും സെൽഫിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. അമേരിക്ക നിന്നെ ഞങ്ങൾ സ്നേഹിക്കുന്നുവെന്ന് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി
അതേസമയം, യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റു. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്.