പി പി ചെറിയാൻ
വാഷിങ്‌ടൻ ഡിസി : യുഎസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള അവസാന തീരുമാനത്തിൽ ജോ ബൈഡൻ ഡോ. ആന്‍റണി ഫൗസി, ജനറൽ മാർക്ക് മില്ലി എന്നിവർക്കും ജനുവരി 6 ലെ ക്യാപ്പിറ്റൾ കലാപം അന്വേഷിച്ച കോൺഗ്രസ് അംഗങ്ങൾക്കും മാപ്പ് നൽകി. ഡോണൾഡ് ട്രംപ് അധികാരമേല്ക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരുന്നു ഈ നീക്കം.
ഡോണൾഡ് ട്രംപ് തന്‍റെ രാഷ്ട്രീയ ശത്രുക്കളിൽ ചിലരെ ജയിലിലടക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ മറികടക്കുന്നതിനാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
“ഈ പൊതുസേവകർ നമ്മുടെ രാജ്യത്തെ ബഹുമാനത്തോടെ സേവിച്ചവരാണ്, അന്യമായതും രാഷ്ട്രീയപ്രേരിതവുമായ പ്രോസിക്യൂഷനുകളുടെ ലക്ഷ്യമാകാൻ പാടില്ല. ഞാൻ നിയമവാഴ്‌ചയിൽ വിശ്വസിക്കുന്നു, ഞങ്ങളുടെ നിയമസ്ഥാപനങ്ങളുടെ ശക്തി ആത്യന്തികമായി വിജയിക്കുമെന്ന ശുഭപ്രതീക്ഷ എനിക്കുണ്ട്. ’’ – ബൈഡൻ വ്യക്തമാക്കി.