വാഷിങ്ടൺ: വിദേശ പ്രതിനിധികളുമായുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച ഇന്ത്യയുമായി. പുതിയ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവർ തങ്ങളുടെ പ്രഥമ കൂടിക്കാഴ്ചകൾ നടത്തിയത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായാണ്. വിദേശനയത്തിൽ ട്രംപ് ഭരണകൂടം ഇന്ത്യക്ക് നൽകുന്ന പരിഗണനയുടെ തെളിവാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് എസ്. ജയ്ശങ്കർ വാഷിങ്ടണിൽ എത്തിയത്. സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് മാർക്കോ റൂബിയോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ സംഭവ വികാസങ്ങളും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി എസ്. ജയ്ശങ്കർ എക്സിൽ കുറിച്ചു. ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
ഇതിന് പിന്നാലെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസുമായുള്ള കൂടിക്കാഴ്ച. പരസ്പര നേട്ടവും ആഗോള സുസ്ഥിരതയും ഉറപ്പു വരുത്തുന്നതിന് സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പരമ്പരാഗതമായി, പുതിയ അമേരിക്കൻ ഭരണകൂടം അയൽ രാജ്യങ്ങളായ കാനഡ, മെക്സികോ എന്നിവയുമായോ നാറ്റോ അംഗരാജ്യവുമായോ ആണ് ആദ്യ കൂടിക്കാഴ്ച നടത്താറുള്ളത്.
ക്വാഡ് മന്ത്രിതല യോഗത്തിലും മന്ത്രി ജയ്ശങ്കർ പങ്കെടുത്തു. ബലപ്രയോഗത്തിലൂടെ തൽസ്ഥിതിയിൽ മാറ്റം വരുത്തുന്നതിനുള്ള ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കുമെന്ന് ക്വാഡ് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.