കാലിഫോർണിയ: ലോസ് ആഞ്ചലസിലെ കാട്ടുതീ പൂർണ്ണമായും അണയ്ക്കാനായില്ല. കാസ്റ്റായിക് തടാകത്തിന് സമീപമാണ് പുതിയ കാട്ടുതീ അതിവേഗം പടർന്ന് പിടിക്കുന്നത്. 10,176 ഏക്കർ പ്രദേശം കത്തി നശിച്ചതായാണ് റിപ്പോർട്ട്. കാട്ടു തീ പടർന്നതോടെ ഏതാണ്ട് 50,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുരുതരമായ തീപിടുത്ത സാഹചര്യങ്ങൾ ഉളളതിനാൽ റെഡ് ഫ്ലാഗ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ ലോസ് ആഞ്ചലസിനെ പ്രതിസന്ധിയിലാക്കിയ ശക്തമായ രണ്ട് തീപിടുത്തങ്ങൾ കൂടുതൽ നിയന്ത്രണത്തിലായതായി അധികൃതർ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീപിടുത്തം റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ആഞ്ചലസിന് കിഴക്ക് 14,021 ഏക്കർ നേരത്തെ കത്തി നശിച്ചതായാണ് റിപ്പോർട്ട്. നഗരത്തിൻ്റെ പടിഞ്ഞാറുള്ള പാലിസേഡ്സ് ഭാഗത്ത് 23,448 ഏക്കറും കത്തിനശിച്ചു.
ജനുവരി 7ന് ലോസ് ആഞ്ചലസിലെ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏതാണ്ട് വാഷിംഗ്ടൺ ഡിസിയുടെ വലിപ്പമുള്ള പ്രദേശം കത്തിനശിച്ചതായാണ് റിപ്പോർട്ട്. കാട്ടുതീയിൽ 28 പേർ കൊല്ലപ്പെടുകയും 16,000 ത്തോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ പൂർണ്ണമായി കത്തിനശിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.