വാഷിങ്ടൻ / സിയാറ്റിൽ : യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ വധം ഉൾപ്പെടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ചരിത്രസംഭവങ്ങളിലെ അവശേഷിക്കുന്ന ഏതാനും രഹസ്യഫയലുകൾകൂടി പുറത്തുവിടാൻ ഡോണൾഡ് ട്രംപിന്റെ നിർദേശം. ജോൺ എഫ്. കെന്നഡി (ജെഎഫ്കെ) വധത്തിന്റെ ഫയലുകൾ മുഴുവൻ പുറത്തുവിടുന്നതു സംബന്ധിച്ച രൂപരേഖ 15 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ നാഷനൽ ഇന്റലിജൻസ് ഡയറക്ടറോടു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് വ്യാഴാഴ്ച ഒപ്പിട്ടു.
റോബർട് എഫ്. കെന്നഡി (ആർഎഫ്കെ), മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ വധവുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള മാർഗരേഖ 45 ദിവസത്തിനുള്ളിലും സമർപ്പിക്കണം. വധിക്കപ്പെട്ട നേതാക്കളുടെ ഉറ്റവരും അമേരിക്കൻ ജനതയും എല്ലാ സത്യവുമറിയട്ടെ എന്ന നിലപാടാണ് ട്രംപിന്. ഈ 3 വധത്തിനു പിന്നിലും സിഐഎ ഉൾപ്പെടെ സർക്കാർ ഏജൻസികളുടെ പങ്ക് ആരോപിക്കപ്പെട്ടിരുന്നു.
1963 ൽ ഡാലസിലാണ് ജെഎഫ്കെ വെടിയേറ്റു മരിച്ചത്. സഹോദരൻ ആർഎഫ്കെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന കാലത്ത് കലിഫോർണിയയിൽ 1968 ൽ വധിക്കപ്പെട്ടു. അതിനു 2 മാസം മുൻപായിരുന്നു ടെനിസിയിലെ മെംഫിസിൽ പൗരാവകാശ നേതാവ് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ വെടിയേറ്റു മരിച്ചത്. ആരോഗ്യ സെക്രട്ടറിയായി ട്രംപ് നാമനിർദേശം ചെയ്തിട്ടുള്ളത് റോബർട് എഫ്. കെന്നഡിയുടെ മകനായ ആർഎഫ്കെ ജൂനിയറിനെയാണ്.