വാഷിങ്ടൻ : യുഎസിൽ അറസ്റ്റിലാകുന്ന അനധികൃത കുടിയേറ്റക്കാരുടെ സംഖ്യ ഉയരുന്നു. വിവിധ ഇടങ്ങളിൽ നിന്നായി 538 പേരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ്. സൈനിക വിമാനത്തിൽ ഇതുവരെ നാടുകടത്തിയത് 373 പേരെ.
യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരത്തിൽ പ്രവേശിച്ചതിനു ശേഷമുള്ള ആദ്യ നടപടിയായാണ് രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന കുടിയേറ്റക്കാരെ കണ്ടെത്താനുള്ള റെയ്ഡിന് തുടക്കമിട്ടത്. തീവ്രവാദികൾ ഉൾപ്പെടെ രേഖകളില്ലാത്ത 538 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.
യുഎസിന്റെ ചരിത്രത്തിൽ വെച്ചേറ്റവും വലിയ നാടുകടത്തലാണ് പുരോഗമിക്കുന്നതെന്നും വാഗ്ദാനങ്ങൾ നടപ്പാക്കുകയും പാലിക്കപ്പെടുകയും ചെയ്യുകയാണെന്നുമാണ് ലെവിറ്റ് കുറിച്ചത്. പിടിയിലായവരിൽ തീവ്രവാദികളും ബലാത്സംഗം നടത്തിയവരും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചവരും ഉൾപ്പെടുന്നുണ്ടെന്ന് ലെവിറ്റ് എക്സ് പേജിലൂടെ വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തി കാത്തുസൂക്ഷിക്കാൻ നടത്തുന്ന നടപടികളുടെ വിഡിയോയും വൈറ്റ് ഹൗസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തവരിൽ ചിലരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് അധികാരത്തിലേറും മുൻപേ ട്രംപ് നടത്തിയ പ്രഖ്യാപനം.