ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയിൽ ആയുധ വ്യാപാരം മുഖ്യ വിഷയമാകുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യ അമേരിക്കയിൽ നിന്ന് കൂടുതൽ സൈനിക ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഒരു വ്യാപാര കരാർ ഈ വർഷം തന്നെ നടപ്പിലാക്കാനും ധാരണയുണ്ട്.രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.
വാഷിങ്ണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്‌മള വരവേൽപ്പായിരുന്നു ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനുനേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്.



