വാഷിംഗ്ടണ്‍: യുഎസിൽ നിന്നും നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ വൈറ്റ്ഹൗസ് പുറത്തുവിട്ടു. ‘ഹഹ വൗ’ എന്ന കമന്‍റോടെ ഇലോൺ മസ്കും ദൃശ്യങ്ങൾ പങ്കുവെച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരെ വരുംദിവസങ്ങളിൽ അമേരിക്ക ഇതേ രൂപത്തിൽ തന്നെ നാടുകടത്തും.
കൈയിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്ന ദൃശ്യങ്ങൾ ഔദ്യോഗിക എക്സ് പേജിലാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. ക്രൂരമായ ചങ്ങലയിൽ ബന്ധിച്ച് യുദ്ധവിമാനങ്ങളിൽ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് യുഎസിന്‍റെ പ്രകോപനം. ട്രംപ് ഭരണകൂടത്തിലെ ഡോജ് മേധാവി ഇലോൺ മസ്ക് ഈ ദൃശ്യങ്ങൾ പങ്കുവെച്ച പോസ്റ്റിന് നൽകിയ തലക്കെട്ടും വലിയ പ്രതിഷേധത്തിന് കാരണമായി.ഇതേ രൂപത്തിൽ യുഎസ് സൈനിക വിമാനങ്ങളിൽ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് തുടരും. കുടിയേറിയവരെ സൈനിക വിമാനത്തിൽ തിരിച്ചയയ്ക്കുന്നതിന് നല്കിയ അനുമതി ഇന്ത്യ പുനപരിശോധിക്കില്ല. ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നും കേന്ദ്രവൃത്തങ്ങൾ അറിയിക്കുന്നു. ചില ഇന്ത്യക്കാരെ കോസ്റ്റോറിക്കയിൽ ഇറക്കിയതായും റിപ്പോർട്ടുണ്ട്.
അതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പനാമയിലേക്ക് ട്രംപ് ഭരണകൂടം നാടുകടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ അധികവും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു.



