വാഷിങ്ടൻ : റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോടും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയോടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ‘‘സംഘർഷം ഒഴിവാക്കാൻ പുട്ടിനും സെലെൻസ്‌കിയും ഒന്നിച്ചുപ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നു. ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നത് നിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’’– വൈറ്റ് ഹൗസിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കൽ കരാറിനായി ട്രംപ് സമ്മർദം ചെലുത്തുകയും ഇരു നേതാക്കളുമായും വെവ്വേറെ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. യുക്രെയ്‌നെ ഉൾപ്പെടുത്താതെ, ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥർ അടുത്തിടെ സൗദി അറേബ്യയിൽ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ‘‘യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിക്കാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ട്രംപും പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യത’’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ആഹ്വാനം.
2022ൽ റഷ്യ ആക്രമിച്ച തന്റെ രാജ്യത്തെ യുഎസ്, റഷ്യൻ ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകളിൽനിന്ന് ഒഴിവാക്കിയെന്ന് സെലെൻസ്കി ആരോപിച്ചിരുന്നു. ഇതിനിടെ റഷ്യാവിരുദ്ധനയം ഉപേക്ഷിച്ച ട്രംപ് യുദ്ധത്തിന് ഉത്തരവാദി യുക്രെയ്നാണെന്നും യുദ്ധത്തിനു പോകാതെ റഷ്യയുമായി യുക്രെയ്ൻ ധാരണയുണ്ടാക്കണമായിരുന്നുവെന്നും പറഞ്ഞിരുന്നു.