വാഷിങ്ടൻ : നിർണായകമായ ധാതുഖനന കരാറിനു യുഎസും യുക്രെയ്നും ധാരണയായെന്നു റിപ്പോർട്ട്. റഷ്യ–യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണു നീക്കം. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിനു യുക്രെയ്ൻ സമ്മതിച്ചതെന്നാണു സൂചന.
ധാതുഖനന കരാറിലെ കരട് വ്യവസ്ഥകളിൽ യുഎസും യുക്രെയ്‌നും യോജിച്ചുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടർച്ചയായ കൈമാറ്റമോ കരാറിൽ ഇല്ലെന്നാണു സൂചന. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുയ’ യുക്രെയ്നാണു യുഎസ് ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ചു ചർച്ചകൾ തുടരുമെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുക്രെയ്നിന്റെ പ്രകൃതി സമ്പത്തിൽ 500 ബില്യൻ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യുഎസ് നിലപാടിൽ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുൻ കരടിൽ ഒപ്പിടാൻ സെലെൻസ്‌കി വിസമ്മതിച്ചിരുന്നു. യുഎസ് പ്രഖ്യാപിച്ച സഹായത്തിൽനിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്‌നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകൾ കരാറിൽ ഇല്ലെന്നും അറിയിച്ചു. പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കൾ, ഹൈഡ്രോകാർബണുകൾ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും യുക്രെയ്നും പുനർനിർമാണ നിക്ഷേപഫണ്ട് രൂപീകരിക്കും.
യൂറോപ്യൻ യൂണിയൻ നിർണായകമെന്നു തിരിച്ചറിഞ്ഞ 34 ധാതുക്കളിൽ 22 എണ്ണത്തിന്റെയും നിക്ഷേപം യുക്രെയ്നിലുണ്ട്. അവയിൽ വ്യാവസായിക, നിർമാണ വസ്തുക്കൾ, ഫെറോഅലോയ്, വിലയേറിയ നോൺ-ഫെറസ് ലോഹങ്ങൾ, ചില അപൂർവ മൂലകങ്ങൾ എന്നിവ ഉൾപ്പെടുന്നു.