ഒട്ടാവ : കനേഡിയൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. ശനിയാഴ്ചയാണ് സംഭവം. ഒരാഴ്ച മുൻപ് ചൈനീസ് ചാര ബലൂൺ വെടിവച്ചു വീഴ്ത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. കനേഡിയൻ വ്യോമാതിർത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ വെടിവച്ചു വീഴ്ത്താൻ ഉത്തരവു നൽകിയെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
യുഎസുമായുള്ള സംയുക്ത നീക്കത്തിലാണ് നടപടി. നോർത്ത് അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡ് യുഎസ് എഫ് 22 യുദ്ധവിമാനം ഉപയോഗിച്ചാണ് വെടിവച്ചിട്ടതെന്നും ട്രൂഡോ ട്വിറ്ററിൽ പറഞ്ഞു. വസ്തുവിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുകയും വിശകലനം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സംഭവത്തെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചതായും ട്രൂഡോ അറിയിച്ചു. അതേസമയം, കാനഡയുടെ പ്രതിരോധ മന്ത്രിയും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായും വിഷയം ചർച്ച ചെയ്തു.
ശനിയാഴ്ച പ്രാദേശിക സമയം 3.41 (പിഎം)നാണ് വെടിവച്ചിട്ടത്. യുഎസ്–കാനഡ അതിർത്തിയിൽ നിന്നും 100 മൈൽ അകലെ 40,000 അടി ഉയരത്തിൽ ആയിരുന്നു സംഭവം. സെൻട്രൽ യൂക്കോൺ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.
യുഎസിലെ തന്ത്രപ്രധാന സൈനിക മേഖലയായ മോണ്ടാന സംസ്ഥാനത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ട ചൈനീസ് ബലൂൺ ഈ മാസം നാലിന് യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.