വാഷിങ്ടണ്‍: റഷ്യന്‍ സൈന്യം വളഞ്ഞുവെച്ചിരുന്ന യുക്രൈന്‍ പട്ടാളക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് വ്‌ളാദമിര്‍ പുതിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്ന് വര്‍ഷത്തോളമായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ റഷ്യ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കയും യുക്രൈനുമാണ് വെടിനിര്‍ത്തല്‍ കരാര്‍ എന്ന ആവശ്യം റഷ്യയോട് ഉന്നയിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുതിനുമായുള്ള ചര്‍ച്ച ഫലപ്രദമായിരുന്നു. രക്തരൂക്ഷിതമായ യുദ്ധം അവസാനിക്കാനുള്ള സാധ്യത തുറന്നിട്ട ചര്‍ച്ചയാണ് നടന്നത്. എന്നാല്‍, ആയിരക്കണക്കിന് യുക്രൈന്‍ സൈനികര്‍
റഷ്യന്‍ പട്ടാളത്തിന്റെ അധീനതയിലാണ്. അവരുടെ ജീവന് ആപത്തുണ്ടാകരുതെന്നാണ് പുതിനോട് അഭ്യര്‍ഥിച്ചിട്ടുള്ളത്. അല്ലെങ്കില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പോലുമുണ്ടായിട്ടില്ലാത്ത ഒരു കൂട്ടക്കുരുതിയായിരിക്കും സംഭവിക്കുകയെന്നും ട്രംപ് ട്രൂത്തില്‍ കുറിച്ചു.