യുഎസിനെയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വെറുക്കുന്നുവെന്നാരോപിച്ച ദക്ഷിണാഫ്രിക്കൻ അംബാസിഡർ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ദക്ഷിണാഫ്രിക്കൻ അംബാസിഡറെ ഇനി അമേരിക്കയിലേക്ക് ക്ഷണിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചു.
ഇബ്രാഹിം റസൂൽ വംശീയവാദിയായ രാഷ്ട്രീയക്കാരനാണെന്നും യുഎസിനെയും ട്രംപിനെയും വെറുക്കുകയും ചെയ്യുന്നുവെന്നും മാർക്കോ റൂബിയോ ആരോപിച്ചു. യുഎസിന് റസൂലുമായി ചർച്ച ചെയ്യാൻ ഒന്നുമില്ലെന്നും അദ്ദേഹത്തെ നോൺ ഗ്രാറ്റായി കണക്കാക്കുന്നുവെന്നും മാർക്കോ റൂബിയോ പറഞ്ഞു.
വിഷയത്തിൽ റൂബിയോയോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതേസമയം, ദക്ഷിണാഫ്രിക്കൻ തിങ്ക് ടാങ്ക് വെബിനാറിന്റെ ഭാഗമായി റസൂൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് ഭരണകൂടം സ്വീകരിച്ച നയങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. അതാണ് അംബാസിഡറെ പുറത്താക്കാനുള്ള യുഎസിന്റെ നീക്കത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയിലെ വെള്ളക്കാരുടെ ഭൂരിപക്ഷത്തെക്കുറിച്ചും ജർമൻ തിരഞ്ഞെടുപ്പിലെ ഇലോൺ മസ്കിന്റെ സ്വാധീനത്തെക്കുറിച്ചും റസൂൽ സംസാരിച്ചിരുന്നു. റസൂലിന്റെ പ്രസംഗത്തിന്റെ സ്ക്രീൻഷോട്ട് കൂടി റൂബിയോ എക്സ് പോസിറ്റിൽ പങ്കുവെച്ചിരുന്നു.