ഓസ്റ്റിന്‍ : ഫെബ്രുവരി 5 ന് പുലര്‍ച്ചെ രണ്ടോടെ ഓസ്റ്റിനിലെ ലേഡി ബേര്‍ഡ് തടാകത്തിനു സമീപം കാണാതായ മലയാളി യുവാവ് ജെയ്‌സണ്‍ ജോണിന്റെ മൃതദേഹം ഒരാഴ്ചയിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ച രാത്രി കണ്ടെടുത്തു. ലേഡി ബേര്‍ഡ് തടാകത്തില്‍ നിന്നാണ് മൃതദേഹം പുറത്തെടുത്തെതന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് കാണാതായ ജെയ്‌സന്റെതാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
ഓസ്റ്റിന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവസ്ഥലത്ത് പ്രതികരിക്കുകയും ഏകദേശം 8 മണിയോടെ മൃതദേഹം തടാകത്തില്‍ നിന്ന് പുറത്തെടുക്കുകയുമായിരുന്നു.
ഹോളിഡേ ഇന്നിന്റെ തെക്ക് ഇന്റര്‍സ്റ്റേറ്റ് 35 ന് പടിഞ്ഞാറ് തടാകത്തിന്റെ പ്രദേശത്ത് നിന്നാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.
തടാകത്തിന് സമീപം തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിപ്പ് ലഭിച്ചതനുസരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഫോമയുടെ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച് മൃതദേഹം ജെയ്സണാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ദുരൂഹതയ്ക്ക് അന്ത്യമായതെന്നും ജെയ്‌സണ്‍ ജീവിച്ചിരിപ്പില്ലെന്ന് ബോധ്യമായെതന്നും കുടുംബം അറിയിച്ചു.
വിപുലമായ തിരയല്‍ പ്രവര്‍ത്തനങ്ങളില്‍ സഹായിച്ച എല്ലാ ഫോമാ വാളന്റിയര്‍മാര്‍ക്കും കുടുംബവും സുഹൃത്തുക്കളും നന്ദി അറിയിച്ചു