വാഷിങ്ടൺ: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. ഒരു കാബിനറ്റ് തല ഏജൻസി പിരിച്ചുവിടുന്നതിനുള്ള ട്രംപിന്റെ ആദ്യ ശ്രമമായിരിക്കുമിതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കുന്നതിനും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധികാരം സംസ്ഥാനങ്ങൾക്ക് തിരികെ നൽകുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ സെക്രട്ടറിയോട് നിർദ്ദേശിക്കുന്ന ഉത്തരവാണ് പുറത്തിറങ്ങുക. ട്രംപും അദ്ദേഹത്തിന്റെ ശതകോടീശ്വരനായ ഉപദേഷ്ടാവ് ഇലോൺ മസ്‌കും കോൺഗ്രസ് അംഗീകാരമില്ലാതെ സർക്കാർ പരിപാടികളും യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് പോലുള്ള സ്ഥാപനങ്ങളും തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണങ്ങൾക്കിടയിലാണ് പുതിയ നീക്കം.