പി പി ചെറിയാൻ
മൻഹാറ്റൻ (ന്യൂയോർക്ക്) : പലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത 21 വയസ്സുള്ള കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമം നിർത്തിവയ്ക്കണമെന്നു ട്രംപ് ഭരണകൂടത്തിന് ഫെഡറൽ ജഡ്ജി ഉത്തരവ്. 7 വയസ്സുള്ളപ്പോളാണ് ദക്ഷിണ കൊറിയയിൽ നിന്ന് കുടുംബത്തോടൊപ്പം യുൻസിയോ ചുങ് അമേരിക്കയിലേക്ക് താമസം മാറുന്നത്.
ചുങ്ങിന്റെ അഭിഭാഷകർ സമർപ്പിച്ച കേസ് പ്രകാരം, ഈ മാസം യുൻസിയോ ചുങ് എന്ന വിദ്യാർഥിനിയെ അറസ്റ്റ് ചെയ്യാൻ ട്രംപ് ഭരണകൂടം ശ്രമിച്ചിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ചാണ് വിദ്യാർഥിനിയെ നടുകടത്താൻ അധികൃതർ ശ്രമിച്ചത്.
ചുങ് സമൂഹത്തിന് അപകടമുണ്ടാക്കുന്നതായോ “വിദേശ നയ അപകടസാധ്യത” സൃഷ്ടിക്കുന്നതായോ തീവ്രവാദ സംഘടനകളുമായി ആശയവിനിമയം നടത്തിയതായോ തെളിവുകളില്ലെന്ന് ഫെഡറൽ കോടതി ജഡ്ജി നവോമി ബുച്ച്‌വാൾഡ് പറഞ്ഞു.
വ്യത്യസ്തമായ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിൽ ചുങ്ങിനെ തടങ്കലിൽ വയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണെങ്കിൽ, അവർക്കും അവരുടെ അഭിഭാഷകർക്കും മുൻകൂർ അറിയിപ്പ് നൽകണമെന്നും ഉത്തരവിൽ പറയുന്നു.