പി പി ചെറിയാൻ
വെർജീനിയ : വെർജീനിയയിലെ മുൻ അറ്റോർണി ജനറൽ ജെസീക്ക എബറിന്റെ (43) മരണകാരണം കുടുംബം വെളിപ്പെടുത്തി. ഉറക്കത്തിൽ അപസ്മാരം ബാധിച്ചതാണ് മരണകാരണം. സ്വാഭാവിക മരണമാണെന്നാണ് ഫെഡറൽ പ്രോസിക്യൂട്ടർമാരുടെയും അലക്സാണ്ട്രിയ പൊലീസിന്റെയും നിഗമനം.
വർഷങ്ങളായി അപസ്മാരം ഉണ്ടായിരുന്നു വ്യക്തിയാണ് ജെസീക്കയെന്ന് അലക്സാണ്ട്രിയ (വെർജീനിയ) പൊലീസ് അറിയിച്ചു. അതേസമയം, മരണകാരണം ഔദ്യോഗികമായി സ്ഥീകരിക്കുക ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫിസാണ്
2009ലാണ് ജെസീക്ക എബർ ഈസ്‌റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് വെർജീനിയയിൽ അസിസ്‌റ്റന്റ് യുഎസ് അറ്റോർണിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015 മുതൽ 2016 വരെ നീതിന്യായ വകുപ്പിലെ ക്രിമിനൽ ഡിവിഷൻ അസിസ്‌റ്റന്റ് അറ്റോർണി ജനറലിന്റെ കൗൺസിലറായി സേവനമനുഷ്ഠിച്ചു. പിന്നീട്, ഈസ്‌റ്റേൺ ഡിസ്‌ട്രിക്‌ട് ഓഫ് വെർജീനിയയിലെ ക്രിമിനൽ ഡിവിഷന്റെ ഡപ്യൂട്ടി ചീഫായി.
2021ൽ മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ജെസീക്ക എബറിനെ യുഎസ് അറ്റോർണിയായി നാമനിർദേശം ചെയ്‌തത്. സെനറ്റ് ഏകകണ്ഠമായി അംഗീകരിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായതിനു ശേഷം ഈ വർഷം ജനുവരിയിലാണ് ജെസീക്ക രാജിവച്ചത്.