ടെക്സസ് (യുഎസ്): സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ വീണ്ടും പറക്കുമെന്നും കഴിഞ്ഞ യാത്രയിൽ നേരിട്ട പോരായ്മകൾ പരിഹരിക്കുമെന്നും സുനിത വില്യംസും ബുച്ച് വിൽമോറും പ്രഖ്യാപിച്ചു. ഒൻപതു മാസത്തോളം നീണ്ട ബഹിരാകാശ ജീവിതത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
സ്റ്റാർലൈനർ വളരെ കാര്യശേഷിയുള്ള ബഹിരാകാശവാഹനമാണ്. ചില പോരായ്മകൾ പരിഹരിക്കാനുണ്ട്. അതു ഭാവിയിലെ ഗവേഷണങ്ങൾക്കു കരുത്തുപകരുമെന്നും സുനിത വില്യംസ് പറഞ്ഞു. നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിൽ ബഹിരാകാശനിലയത്തിലെയും തിരിച്ചുള്ള യാത്രയിലെയും അനുഭവങ്ങളും പങ്കുവച്ചു. ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാർലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടർന്നു നാസ ആളില്ലാതെ തിരികെ എത്തിക്കുകയായിരുന്നു.
286 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം കഴിഞ്ഞ 18നു തിരിച്ചെത്തിയ ഇരുവരും 12 ദിവസത്തിനുശേഷമാണ് മാധ്യമങ്ങളോടു സംസാരിക്കുന്നത്.
തിരികെ എത്തിയശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ശ്രമങ്ങളും ഇരുവരും പങ്കുവച്ചു. ആദ്യ ദിവസം വെല്ലുവിളികൾ നേരിട്ടതായി സുനിത വില്യംസ് വെളിപ്പെടുത്തി. പിന്നീട് ഫിസിക്കൽ ട്രെയ്നിങ്, ന്യൂട്രീഷൻ വിദഗ്ധരുടെ മേൽനോട്ടത്തിൽ വെയ്റ്റ് ലിഫ്റ്റിങ്, സ്ക്വാട്സ് അടക്കമുള്ള വ്യായാമങ്ങൾ തുടങ്ങി. ഇതുവരെ മൂന്നുമൈൽ ദൂരം ഓടി.
ബഹിരാകാശനിലയത്തിൽ തുടരേണ്ടിവന്ന സമയങ്ങളിലെല്ലാം ഗവേഷണങ്ങൾ തുടരുകയായിരുന്നു. അസ്ഥിക്കും മസിലുകൾക്കുമുണ്ടാകുമായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദിവസം പോലും മുടങ്ങാതെ വ്യായാമം ചെയ്തു. ജീവിതത്തിൽ ഏറ്റവും കൂടുതൽ ശക്തനായി തോന്നിയത് ഈ ബഹിരാകാശ ജീവിതത്തിലായിരുന്നെന്നു വിൽമോർ വിശേഷിപ്പിച്ചു.
ഒരിക്കൽപ്പോലും നിരാശരായില്ല. നാസയുടെ ‘ടീം വർക്ക്’ ഗുണം ചെയ്തു. അവിടെയായിരിക്കുമ്പോഴും തിരികെ എത്തിയശേഷവും തങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു ലോകത്തിനുള്ള കരുതലിന് ഇരുവരും നന്ദി പറയുകയും ചെയ്തു.