പി പി ചെറിയാൻ
വാഷിങ്ടൻ : രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല. ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എഎക്സ്-4) മേയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ബഹിരാകാശ യാത്ര. ദൗത്യത്തിന്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം.
നാസയും ഐഎസ്ആർഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേർന്നാണ് എഎക്സ്-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സനാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സാവോസ് ഉസ്‌നൻസ്‌കി നിസ്‌നീവ്സ്‌കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.