Tuesday, April 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ മലയാളി മാറ്റുരയ്ക്കും

കനേഡിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ മലയാളി മാറ്റുരയ്ക്കും

ഷിബു കിഴക്കേകുറ്റ്

ടൊറന്റോ: കാനഡയിലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ മലയാളിയും മാറ്റുരയ്ക്കും. സ്കാർബ്രോ സെന്റർ-ഡോൺവാലി ഈസ്റ്റ് റൈഡിങ്ങിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയാണ് ബെലന്റ്. മൂന്നു തവണയായി ലിബറൽ സ്ഥാനാർഥി ജയിച്ചുവരുന്ന റൈഡിങ് തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് ബെലന്റിനെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. ഏപ്രിൽ 28ന് നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ അംഗീകൃത കക്ഷികളുടെ ഔദ്യോഗിക സ്ഥാനാർഥിയായി രംഗത്തുള്ള ഏക മലയാളിയാണ്. കേരളത്തിൽനിന്നു കുടിയേറിയവരിൽനിന്ന് ഇതുവരെ ആരും പാർലമെന്റിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ ബെലന്റിനിത് വിജയത്തിലേക്കു മാത്രമല്ല, ചരിത്രത്തിലേക്കുള്ള പോരാട്ടംകൂടിയാണ്.

പത്തു വർഷം കുവൈത്തിൽ ജോലി ചെയ്തശേഷം പതിനേഴ് വർഷം മുൻപാണ് കാനഡയിലേക്ക് കുടിയേറിയത്. എറണാകുളം സെന്റ് ആൽബർട്സ് വിദ്യാർഥിയായിരിക്കെ കലാലയ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇവിടെവന്നശേഷമാണ്. സ്റ്റീഫൻ ഹാർപറിന്റെ പിൻഗാമിയായി ആൻഡ്രൂ ഷീർ കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലെത്തിയതുമുതലാണ് ബെലന്റ് പാർട്ടിയിൽ സജീവമായത്. എറിൻ ഒ ടൂൾ നേതാവായപ്പോൾ പ്രചാരണരംഗത്തുള്ളപ്പെടെ സജീവമായിരുന്ന ബെലന്റ് സ്ഥാനാർഥിയായി രംഗത്തെത്തുന്നത് ഇപ്പോഴത്തെ നേതാവ് പിയേർ പൊളിയേവിന്റെ ടീമിലെ പ്രമുഖ മലയാളികളിലൊരാളായാണ്.

ക്രിക്കറ്റ് കളിക്കാരൻകൂടിയായ ബെലന്റ് ദുർഹം മലയാളി അസോസിയേഷന്റെ (ഡുമാസ്) പ്രസിഡന്റായിരുന്നു. ടൊറന്റോ മലയാളി സമാജം (ടി. എം. എസ്.) ജോയിന്റ് എന്റർടെയ്ൻമെന്റ് കൺവീനറും കനേഡിയൻ കൊച്ചിൻ ക്ളബ് അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു. ഡുമാസ് പ്രസിഡന്റായിരിക്കെ സാൽവേഷൻ ആർമി ഫുഡ് കലക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നു.

ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടിയാണ് ഏറെക്കാലമായി അധികാരത്തിലെന്നതിനാൽ ഭരണവിരുദ്ധവികാരം അലയടിക്കുമെന്ന കണക്കുകൂട്ടലിലാണ് കൺസർവേറ്റീവ് പാർട്ടി. ഇതിനിടെ ട്രൂഡോയെ മാറ്റി മാർക് കാർണിയെ നേതൃത്വത്തിലെത്തിച്ചതോടെ പോരാട്ടം കടുക്കുമെന്ന പ്രതീഷയാണ് മാധ്യമങ്ങൾ ഉയർത്തുന്നത്. എന്നാൽ, കാർബൺ നികുതിമൂലമുള്ള വിലക്കയറ്റവും കുറ്റകൃത്യങ്ങളുടെ വർധനയും തൊഴിൽ-ഭവനമേഖലകളിലെ പ്രതിസന്ധിക്കൾക്കുമൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന വെല്ലുവിളികളും തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങളാണെന്നിരിക്കെ, കനേഡിയൻ ജനത പെട്ടെന്ന് മനസ് മാറ്റില്ലെന്ന പ്രതീക്ഷയിലാണ് കൺസർവേറ്റീവ് പക്ഷക്കാർ.

തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ അഭ്യർഥിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ബെലന്റ്.

ബെലെന്റിന്റെ വിജയത്തിന് വളരെ വോളന്റീർസിന്റെ പിന്തുണ ആവശ്യമുണ്ട്. അതിനാൽ എല്ലാ പ്രവർത്തനങ്ങളിലും നിങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്, അല്ലെങ്കിൽ വോളന്റീർ ആയി പ്രവർത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക. : 647 338 7679

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com