ഹൂസ്റ്റൺ: പിറവം മുൻ എംഎൽഎയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ എം ജെ ജേക്കബിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സ്വീകരണം നൽകി. മാഗിന്റെ ആസ്ഥാനമായ ടെക്സസ് സ്റ്റാഫോർഡ് കേരള ഹൗസിൽ ആയിരുന്നു സ്വീകരണം. അമേരിക്കയിലെ ഫ്ലോറിഡയിൽ മുതിർന്നവർക്കായി സംഘടിപ്പിച്ച വേൾഡ് മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 84കാരനായ അദ്ദേഹം. കായികമേളയിൽ ലോകത്തെ 99 രാജ്യങ്ങളിൽ നിന്നായി 3500 ലധികം പേർ പങ്കെടുത്തു. 80 മീറ്റർ ഹർഡിൽസിൽ എം ജെ ജേക്കബ് ഒന്നാമനായി.

എം ജെ ജേക്കബ് 2006 മുതൽ 2011 വരെ പിറവം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാ സാമാജികനായിരുന്നു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ജനഹൃദയങ്ങളിൽ ഇടം നേടി.ഹ്യൂസ്റ്റണിൽ എത്തിയ അദ്ദേഹത്തിന് സമുചിതമായ സ്വീകരണമാണ് മലയാളി അസോസിയേഷന്റെ ബോർഡും സീനിയർ ഫോറവും കൂടി കേരള ഹൗസിൽ ഒരുക്കിയത്. പ്രസിഡന്റ് ജോസ് കെ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ പ്രസ്തുത ചടങ്ങിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ജിമ്മി കുന്നശ്ശേരിൽ, നിലവിൽ ഫോമ നാഷണൽ പ്രസിഡണ്ടും മാഗിന്റെ മുൻപ്രസിഡന്റുമായ ബേബി മണക്കുന്നേൽ മുൻ പ്രസിഡന്റ് തോമസ് ചെറുകര, ഐബ് ജേക്കബ്, മുൻ സെക്രട്ടറി സുബിൻ കുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ സുജിത്ത് ചാക്കോ നന്ദി രേഖപ്പെടുത്തി.

മുൻ പ്രസിഡന്റുമാരായ ജെയിംസ് ജോസഫ്, ജോജി ജോസഫ്, എസ് കെ ചെറിയാൻ, വിനോദ് വാസുദേവൻ, തോമസ് വർക്കി, ജോണി കുന്നക്കാട്ട്, ഫെസിലിറ്റി മാനേജർ മോൻസി കുറിയാക്കോസ് എന്നിവരും മറ്റു നൂറോളം വരുന്ന സീനിയർ ഫോറം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മറുപടി പ്രസംഗത്തിൽ മനുഷ്യൻ അവന്റെ മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റി താനെങ്ങനെയാണ് അതിനൊരുദാഹരണം ആകുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി . ശ്രീ ജിമ്മി കുന്നശ്ശേരിയും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേലും ചേർന്ന് പൊന്നാട അണിയിച്ചു. പ്രസിഡന്റ് ജോസ് കെ ജോൺ സ്പോർട്സ് കോഡിനേറ്റർ മിഖായേൽ ജോയ് ട്രഷറർ സുജിത്ത് ചാക്കോ എന്നിവർ ചേർന്ന് ഫലകം മാഗിന്റെ ഉപഹാരമായി നൽകി ആദരിച്ചു.
