വാഷിങ്ടൻ : അതിശക്തമായ ശീതകാറ്റിനെ തുടർന്ന് യുഎസിൽ ബുധനാഴ്ച ആയിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കി. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 8.40 വരെ 1004 സർവീസുകളാണ് റദ്ദാക്കിയത്. ഇതുവരെ 230 സർവീസുകൾ റദ്ദാക്കിയ സൗത്ത്‍വെസ്റ്റ് എയർലൈനാണ് ഇതിൽ മുന്നിലെന്നും വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയർ റിപ്പോർട്ട് ചെയ്തു. ഡെൽറ്റ എയർലൈനും സ്കൈവെസ്റ്റും ഏതാണ്ട് ഇരുനൂറോളം സർവീസുകളും റദ്ദാക്കി.
മിനിയാപൊളിസ്-സെന്റ് പോൾ രാജ്യാന്തര വിമാനത്താവളത്തെയും ഡെൻവർ രാജ്യാന്തര വിമാനത്താവളത്തെയുമാണ് ശൈത്യക്കാറ്റ് കാര്യമായി ബാധിച്ചത്. ഫ്ലൈറ്റ് അവേയർ നൽകുന്ന വിവരമനുസരിച്ച് ഷിക്കാഗോയിലെ ഒ’ഹെയർ രാജ്യാന്തര വിമാനത്താവളം, ഡിട്രോയിറ്റ് മെട്രോപൊളിറ്റൻ വെയ്ൻ കൗണ്ടി വിമാനത്താവളം, ടൊറന്റോ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളം എന്നിവയുടെ പ്രവർത്തനങ്ങളും തടസ്സപ്പെട്ടു.
സൗത്ത്‌വെസ്റ്റ് എയർലൈൻ, ഡെൽറ്റ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രയ്ക്ക് ശൈത്യകാല കാലാവസ്ഥാ ഇളവുകൾ പ്രഖ്യാപിച്ചു. 29 സ്റ്റേറ്റുകളിൽ ശക്തമായ ശൈത്യം അനുഭവപ്പെടുമെന്ന മുന്നറിയിപ്പിനു പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. കലിഫോർണിയ, മിനസോഡ, മെയ്ൻ എന്നിവയുൾപ്പെടെയുള്ള സ്റ്റേറ്റുകളിൽ മൂന്നു ദിവസം കടുത്ത മഞ്ഞുവീഴ്ച, അതിശൈത്യം എന്നിവ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.
മിനസോഡയിലെ മിനിയാപൊളിസ് പ്രദേശത്ത് കുറഞ്ഞത് 15 ഇഞ്ചു വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കടുത്തശൈത്യം അനുഭവപ്പെടുകയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.